കണ്ണൂർ: ജോലിയോടും ജോലി സ്ഥലത്തോടും സഹപ്രവർത്തകരോടും തൻ്റെ സേവനം ലഭ്യമായ നാടിനോടും ഹൃദയബന്ധം സ്ഥാപിച്ച ഒരു വനിത പൊലീസ് ഉദ്യോസ്ഥയുടെ ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം സ്ഥലം മാറി പോയ കണ്ണൂർ റൂറൽ പൊലീസ് മേധാവി എം.ഹേമലതയുടെ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തൻ്റെ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വങ്ങളും തീർത്തും മാനുഷികതയുടെ മാനദണ്ഡങ്ങൾ കൊണ്ട് കുറഞ്ഞ വാക്കുകളിൽ കുറിച്ചിടുകയാണ് ഹേമലത. ഹലോ കണ്ണൂർ എന്ന അഭിസംബോധനയോടെ തുടങ്ങുന്ന ഇടയിൽ എൻ്റെ കണ്ണുരെന്ന് വിളിച്ചും ഒടുവിൽ താങ്ക്സ് കണ്ണൂർ എന്ന് ഹാഷ് ടാഗും ചെയ്ത കുറിപ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലിയോടും സഹപ്രവർത്തകരോടും സമൂഹത്തോടും ഉണ്ടായിക്കേണ്ട നിലപാടും മനോഭാവവും രീതിയും കാഴ്ചപ്പാടും ഉത്തരവാദിത്വവും കടമയും പ്രതിബദ്ധതയും എന്താണെന്ന് വളരെ കുറഞ്ഞ വാക്കുകളിലൂടെ വ്യക്തമാക്കുന്നതാണ്.
കുറിപ്പ് പൂർണമായി താഴെ വായിക്കുക:-
"ഹലോ കണ്ണൂര്‍...
കഴിഞ്ഞ ഒരു വര്‍ഷവും എട്ട് മാസവുമായി കണ്ണൂര്‍ റൂറല്‍ ജില്ലാപോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ഞാന്‍ സ്ഥലം മാറിപ്പോകുകയാണ്..
ഇവിടത്തെ ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹവായ്പുകള്‍ ആവോളം അനുഭവിച്ചറിഞ്ഞാണ് ഞാന്‍ പുതിയ പദവി ഏറ്റെടുക്കുന്നതിനായി കണ്ണൂരില്‍ നിന്നും വിടപറയുന്നത്..
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചാര്‍ജ്ജെടുത്ത ആദ്യനാളുകളില്‍ തന്നെ കണ്ണൂരിന്‍റെ പൊതുചരിത്രം പഠിച്ചെടുത്തിരുന്നു. അപ്പോള്‍ എനിക്ക് മനസ്സിലായത് കണ്ണൂരിലെ ജനങ്ങള്‍ക്ക് തങ്ങളുമായി ആത്മാര്‍ത്ഥമായി ഇടപെടുന്ന എന്തിനോടും പരിധിയും പരിമിതിയുമില്ലാത്ത സ്നേഹമായിരിക്കുമെന്നാണ്,
എന്‍റെ ഈ നിഗമനം ശരിക്കും അര്‍ത്ഥവത്തായിരുന്നുവെന്നാണ് പിന്നീട് കണ്ണൂരുമായി ഇടപെട്ടപ്പോള്‍ മനസ്സിലായത്..
ചാര്‍ജ്ജെടുക്കുമ്പോള്‍ ഏറ്റവും വലിയ വിഷയം വടക്കന്‍ കേരളത്തിന്‍റെ വിവിധ ജില്ലകളിലായി നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന മാവോയ്സ്റ്റ് സാന്നിദ്ധ്യമായിരുന്നു..
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലയും വനപ്രദേശങ്ങളുമായതിനാല്‍ വനാന്തരങ്ങളിലൂടെയുള്ള മാവോയ്സ്റ്റ് സഞ്ചാരവും കോളനികള്‍ കേന്ദ്രീകരിച്ചുള്ള ചില അവരുടെ പ്രത്യക്ഷപ്പെടലുകളും പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കിയിരുന്നു .
ഇതെഴുതുന്ന ഈ നിമിഷം നമ്മുടെ ജില്ലയിലെ മാവോയ്സ്റ്റുകളുടെ അടിവേരറുക്കാന്‍ പോലീസ് സംവിധാനങ്ങളുടെ സംയുക്ത ശ്രമങ്ങളുടെ പരിശ്രമഫലമായി സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജില്ലാപോലീസ് മേധാവി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്..
സ്ത്രീകള്‍ക്കെതിരേയും കുട്ടികള്‍ക്കെതിരേയുമുള്ള അതിക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നാണെന്‍റെ ബോധ്യം..
ലോക്സഭാ ഇലക്ഷന്‍ പോലുള്ള സുപ്രധാന ഡ്യൂട്ടികള്‍ വളരെയധികം കാര്യക്ഷമമായും മറ്റ് ക്രമസമാധാന പ്രശ്നങ്ങളില്ലാതെയും നടത്തികൊണ്ട് പോകുവാന്‍ എന്‍റെ സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകളാല്‍ സാധിച്ചിട്ടുണ്ട്..
ജില്ലയിലെ പോലീസിന്‍റെ കൂട്ടായ്മ നിലനിര്‍ത്തികൊണ്ടുപോകുവാന്‍ കെപിഎ, കെപിഒഎ ഉള്‍പ്പെടെയുള്ള അസോസിയേഷനുകള്‍ അടക്കം സഹകരിച്ചിട്ടുണ്ട് എന്നത് നിസ്തര്‍ക്കമാണ്..
അതുപോലെ തന്നെ നല്ല രീതിയില്‍ ഓഫീസ് കൈകാര്യം ചെയ്ത മിനിസ്‌റ്റീരിയല്‍ സ്റ്റാഫുകള്‍..
ക്യാംപ് ഫോളോവേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ ,
തുടങ്ങി ഏവര്‍ക്കും നന്ദി അറിയിച്ച് കൊള്ളട്ടേ...
കണ്ണൂരില്‍ എന്നോട് സഹകരിച്ചവര്‍ ഒരുപാടുപേരുണ്ട്,
സംഘര്‍ഷസാധ്യതയുള്ളപ്പോള്‍ തന്നെ പോലീസുമായി സഹകരിച്ച പക്വമായ രാഷ്ട്രീയ നേതൃത്വം..
സാമുദായിക സംഘടനാനേതൃത്വങ്ങള്‍..
മറ്റ് സന്നദ്ധസംഘടനകള്‍..
വ്യാപാരി വ്യവസായ സംഘടനകള്‍..
തുടങ്ങിയ എല്ലാവരേയും ഈ അവസരത്തില്‍ സ്മരിച്ച് കൊള്ളട്ടേ..
എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എന്‍റെ പോലീസുകാരെ ജില്ലാപോലീസ് മേധാവി എന്നതിനപ്പുറം എന്‍റെ കുടുംബാംഗങ്ങളായി കാണുവാനാണ് ഞാന്‍ ശ്രമിച്ചത്, എനിക്ക് അതേ സ്നേഹവായ്പുകള്‍ അവര്‍ തിരിച്ചും നല്‍കിയിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
ഒരു പോലീസുകാരന്‍ ജോലിയില്‍ ഏറ്റവും ആത്മാര്‍ത്ഥത കാണിക്കുന്നത് അവന് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് ജോലിചെയ്യുമ്പോഴാണ് എന്ന സമവാക്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍,
അതുകൊണ്ട് തന്നെ അവര്‍ക്ക് സൗകര്യപ്രദമായും ആത്മവിശ്വാസത്തോടെയും ജോലിചെയ്യുവാന്‍ ജില്ലാ പോലീസ് മേധാവിയെന്ന നിലയില്‍ സൗകര്യമൊരുക്കി കൊടുത്തിട്ടുണ്ട് എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് കണ്ണൂരില്‍ നിന്നും പുതിയ പദവിയുടെ ചുമതലയേല്‍ക്കുവാനായി ഇവിടെ നിന്നും വിടപറയുന്നത്..
പോലീസ് ജോലിയില്‍ സ്ഥലം മാറ്റം ഒരു അനിവാര്യതയും അവിഭാജ്യവുമാണ്..
നിങ്ങള്‍ തന്ന,
സ്നേഹം നുകരാന്‍,
നിങ്ങള്‍ നല്‍കിയ പരിഗണന ആസ്വദിക്കാന്‍,
ഞാനിനിയും ഈ കണ്ണൂരിന്‍റെ മണ്ണിലെത്തും
എന്നൊരുറപ്പ് ഈ വിടവാങ്ങല്‍ സമയത്ത്,
എന്‍റെ കണ്ണൂരിന് നല്‍കുകയാണ്..
പ്രീയപ്പെട്ടവരേ ,
നന്ദി...
എന്നെ മകളായി സ്നേഹിച്ചതിന്,
സഹോദരിയായി കണ്ടതിന്..
അന്യതാബോധമില്ലാതെ
നിങ്ങളുടെ കൂടെ കൂട്ടിയതിന്..
ഒരിക്കല്‍ കൂടി നന്ദി....
സ്നേഹത്തോടെ,
ഹേമലത എം IPS
#thankskannur "
Hello Kannur...Dear Kannur...Thanks Kannur...Women Police Chief A heartwarming note…